April 20, 2007

ചന്ദ്രേട്ടന്‍

ഡാ, നിയ്യ് ചോറ് വയ്ക്കണ്ടാട്ടാ.. നെനക്കും ജോണ്‍സനൂള്ളത് ഞാന്‍ വയ്ച്ച്ട്ട്ണ്ട്...”
അപ്പുറത്തെ മുറിയില്‍ നിന്നും ചന്ദ്രേട്ടന്റെ അറിയിപ്പു വന്നു. 8 മണി. ഒഫീസില്‍ നിന്നു വന്ന് ഡ്രെസ്സ് മാറ്റുകയായിരുന്നു ഞാന്‍.
“ഡാ, ഞാനിന്ന് ട്രിപ്പ് കഴിഞ്ഞ് കുമ്പളങ്ങിയില്‍ ആളെ ഇറക്കി നിക്ക്വായിര്ന്ന്... നല്ല ചോരപൊടിയണ നെയ് മീന്‍. ഒരു കിലോ ങ്ക്ട് വാങ്ങി. കുളീണ്ടെങ്കി കുളിച്ച്ട്ട് വാ. ജോണ്‍സനിപ്പൊ എത്തും...”
ചന്ദ്രേട്ടന്‍ റ്റൂറിസ്റ്റ് ബസ്സിലെ ഡ്രൈവറാണ്. നല്ലോണം വെള്ളടിക്കും, നല്ലോണം ഭക്സണം കഴിക്കെം ചെയ്യും. ജോണ്‍സന്‍ ഒരു സ്പിന്നിങ് മില്ലിലെ ഇലക്റ്റ്രിഷ്യനും. ഇന്നെന്താണാവോ കോള് ?
ഞാന്‍ കുളി കഴിഞ്ഞെത്തിയപ്പൊഴെക്കും ജോണ്‍സനുമെത്തിയിരുന്നു. എല്ലാവരും ഊണു കഴിക്കാനിരുന്നു.
“ഡാ, കഴിഞ്ഞാഴ്ച കപ്പലീ വന്ന മാല്‍കം സായിപ്പ് തന്നതാ”... നാലഞ്ചു പൌച്ച് ഫ്രെഞ്ച് വൈന്‍. എല്ലാവരും ഓരൊ പൌച് പൊട്ടിച്ചു കഴിച്ചു. കുടല്‍ കത്തുന്ന വിശപ്പ്. നല്ല അടിപൊളി മീന്‍ കറിയും പൊരിച്ചതും. ഉരുട്ടി വിഴുങ്ങി.
“ന്താ ചന്ദ്രേട്ടാ കാര്യം?” ഞാന്‍ തിരക്കി
“ഡാ, നാളെ എന്റെ മോന്‍ പൂനെ ന്നു വ‍ര്‍വാണ്ട്രാ...ഞാന്‍ രാവിലെന്നെ പാലാക്കു പോവും”
ചന്ദ്രേട്ടന്റെ ഒറ്റ മോനാണ്. പൂനെ യില്‍ മിലിറ്ററി സ്കൂളില്‍ 11ആം ക്ലാസില്‍. “മെഡിസിനു പടിക്കണന്നാ അവന്‍ പറെണെ” ചന്ദ്രേട്ടന്‍ പറയാറുണ്ടായിരുന്നു.
നാടിനെ ഇളക്കി മറിച്ചതായിരുന്നു ചന്ദ്രേട്ടന്റെ കല്യാണം. ഭാര്യ കൃസ്ത്യാനി.
“ഡാ.. പാലായീന്ന് ഒരു കൃസ്ത്യാനിപ്പെണ്ണിനെ പ്രേമിക്ക്വാ, കെട്ട്വാ..ന്നൊക്കെ പറേണത് നെനക്കൊക്കെ ആലോചിക്കാന്‍ പറ്റ്വോ..? മീനച്ചിലാറ്റീക്കോടെ ഒരു കയ്യില്‍ അവള്‍ടെ കയ്യും മറ്റേക്കയ്യില്‍ പ്രാണനും പിടിച്ചോണ്ട് മുണ്ടില്ലാണ്ടെ ഓടീട്ട് ണ്ട്രാ ഞാന്‍. അന്ന് അവള്‍ടെ വകയിലൊരമ്മാവന്‍ മാത്രെ സഹായത്തിനൊണ്ടായിരുന്നുള്ളോ. പിന്നെപ്പിന്നെ വീട്ടുകാര്ടെ എതിര്‍പ്പൊക്കെ കൊറഞ്ഞു. ഇപ്പൊ അമ്മാവനും അവളും പാലായിലും ഞാനിങ്ങനെ ഓട്ടത്തിലും..” ഇതാണു ചന്ദ്രേട്ടന്റെ ആത്മകഥ.
“ഇത്തവണ, ചന്ദ്രേട്ടാ, മെഴ്സിചേച്ച്യെം മോനെം കൂട്ടിക്കൊണ്ടരണം. എന്നൂം കൊണ്ടരാം കൊണ്ടരാം ന്നുള്ള പറച്ചിലല്ലാതെ കൊണ്ടരുന്നില്ലല്ലൊ..” ജോന്‍സന്‍ പറഞ്ഞു.
“ഇത്തവണ കൊണ്ടരാഡാ.. ന്റ മോന്റ ഫോടൊ കാണണോ.. അയച്ചു തന്നിട്ടുണ്ട് അവന്‍”
ചന്ദ്രേട്ടന്‍ ട്രങ്കുപെട്ടി തുറന്ന് തുണികലെല്ലാം പുറത്തു വച്ച് ഒരു പ്ലാസ്റ്റിക് കൂടെടുത്തു. അതിനുള്ളില്‍ ഒരു പൊതി. അതിനുള്ളില്‍ വേറൊന്ന്. പിന്നെ അതിനുള്ളില്‍ മാതൃഭൂമിക്കുള്ളില്‍ ഗില്‍റ്റ് പേപ്പറില്‍ പൊതിഞ്ഞ ആര്‍മി യൂണിഫോമിലുള്ള ചിരിക്കുന്ന ഒരു പയ്യന്റെ പടം.
“ചുള്ളിക്കമ്പു പോലിരുന്ന ചെക്കനാ.. പത്തടി ഓട്യാ ശ്വാസം മുട്ടും. ഇപ്പ കണ്ടാ.. ഇരുമ്പിന്‍ കീടം പോലെയാ ഇരിക്ക്ണത്. ഇതിനുമുമ്പ് പൂനക്കു പോയപ്പൊ കണ്ടിരുന്നു” ചദ്രേട്ടന്റെ കണ്ണില്‍ വാത്സല്ല്യത്തിന്റെ ഒരു തിര പാഞ്ഞു.
“നാളെ ഉച്ച്യാമ്പളക്കും അവനെത്തും. എത്ര നാളായീടാ ന്റെ മേഴ്സീടേം മോന്റേം ഒപ്പം ചോറുണ്ടിട്ട്. ന്ന് ട്ട് എല്ലാരും കൂടെ വരാന്തേലു പായ വിരിച്ചു കെടക്കും. നല്ല കാറ്റാ പൊഴേന്ന്. തന്തപ്പിടിക്ക് ഒരു ഫുള്ളും വാങ്ങീട്ട്ണ്ട് ഞാന്‍. നാലൂസം അര്‍മാദിച്ച് ട്ടേ ഞാന്‍ തിരിച്ച് വരുള്ളൊ...” ആത്മഗതം പോലെ ചന്ദ്രേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നു.
ഞങ്ങള്‍ക്കുരക്കം വരുന്നുണ്ടായിരുന്നു.
“പോയി കെടക്കെടാ പിള്ളേരേ... എനിക്കിന്നുറക്കല്ല്യാ...”
സ്വന്തം ലോകത്തില്‍ ചന്ദ്രേട്ടനെ മേയാന്‍ വിട്ട് ഞങ്ങളുറങ്ങാന്‍ പോയി.
>>>>>
കാലം കുറേ കഴിഞ്ഞു. എന്റേം ജോണ്‍സന്റേം കല്യാണം കഴിഞ്ഞു. എല്ലാവരും ഓരോരോ പ്രാരാബ്ധങ്ങളുമായി ഒതുങ്ങി. വല്ലപ്പൊളുമൊക്കെയുള്ള ഒരു ഫോണ്‍ കാള്‍.. ബന്ധങ്ങള്‍ അതിലൊതുങ്ങി. ചന്ദ്രേട്ടന്‍ പഴയ കൂറ്റാരത്തില്‍ത്തന്നെ താമസം. ആരോഗ്യം പൊതുവെ മോശമാണെന്നു കേട്ടിരുന്നു.
“ഡാ..മ്മടെ ചന്ദ്രേട്ടന്‍ പോയീട്ടാ...”ഫോണിന്റെ അങ്ങേത്തലക്കല്‍ ജോണ്‍സന്റെ ഇടറുന്ന ശബ്ദം...” “ബോഡി എറണാകുളം മോര്‍ചറീലാ. നീയങ്ക്ട് വാ.... ഞാനവിടെണ്ടാവും...”ഫോണ്‍ മുറിഞ്ഞു.
ഓടിപ്പിടച്ചു മോര്‍ച്ചറിക്കു സമീപം എത്തിയപ്പോള്‍ജോണ്‍സനും അശോകനും വ്വിനോദും എല്ലാമവിടെയുണ്ട്.
“ബോഡി ?” ഞാന്‍ ചോദിച്ചു
“ദാ .. ആ ആംബുലന്‍സിലുണ്ട്”
പഴയ ചന്ദ്രേട്ടന്റെ എക്സ് റേ പോലുള്ള രൂപം. വയര്‍ മാത്രമുണ്ട് ഒരു കുടത്തോളം.
“ലിവര്‍ സീറോസിസ്സായിരുന്നു” ജോണ്‍സണ്‍ പിറുപിറുത്തു.
“നിങ്ങളെല്ലാം പോയേപ്പിന്നെ 24 മണിക്കൂറും വെള്ളട്യായിരുന്നു. വല്ലാത്ത ഏകാന്തത പോലെ” അശോകന്‍ പറഞ്ഞു.
“ഇനി..” ഞാന്‍ ചോദിച്ചു
“പച്ചാളം ശ്മശാനത്തിലേക്ക്...” ജോണ്‍സണ്‍ പറഞ്ഞു.
“അതെന്താ..” ഞാന്‍ ഞെട്ടിപ്പോയി.. “പാലായിലെന്തേ...”
ജോണ്‍സനും അശോകനും മുഖത്തോട് മുഖം നോക്കി.
“രണ്ടു ദിവസായി ഞങ്ങള്‍ രാവും പകലുമില്ലാതെ അന്വെഷിക്കുകയായിരുന്നു. ചന്ദ്രേട്ടന്റെ ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ല...”
“അപ്പോ മെഴ്സി ചേച്ചിയും മോനും..?”
“അങ്ങനെ ആരുമില്ലാത്രേ... പാലായിലും കടപ്പാട്ടൂരും എല്ലാം അന്വെഷിച്ചു. പോലീസ് സ്റ്റേഷനില്‍ അറിയിച്ച് അവരും വന്നിരുന്നു. ചന്ദ്രന്‍ ന്നൊരാളെ ആരുമറിയില്ല. ഒരു ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയൊരു ആശാന് ഈ അഡ്രസ്സിലുണ്ടായിരുന്ന, പണ്ട് നാടുവിട്ടുപോയ നാലഞ്ചു വയസ്സുള്ള ഒരു ചെറുക്കനെ അറിയാം. “ചത്തോ, ജീവിച്ചോ... ആര്‍ക്കറിയാം?” എന്നായിരുന്നു മറുപടി.” നെഞ്ഞത്തു ഭാരമുള്ള ഐസുകട്ട വച്ച പോലെ ജോണ്‍സന്റെ തണുത്തുറഞ്ഞ ശബ്ദം..
അപ്പോള്‍....????

8 comments:

കെവിൻ & സിജി said...

നെഞ്ഞത്തൊരു ഭാരം.

G.MANU said...

oru vithumpal

Pramod.KM said...

നല്ല കഥ.

പയ്യന്‍‌ said...

എന്റെ നെഞ്ഞിലേക്ക് കത്തിയെടുത്ത് കുത്തിയിറക്കി അല്ലേ ?

വല്യമ്മായി said...

നൊമ്പരപ്പെടുത്തുന്ന നല്ല കഥ

Malayali Peringode said...

chandrettaaa..
bold aayathukondaanennu thonnunnu
vaayikkaan pattinnillaa
shradhikkumallo...?

Anonymous said...

സംഭവം കൊള്ളാം: പക്ഷേ അക്ഷരതെറ്റുകളുണ്ട്‌....
ശ്റദ്ധിക്കുക.....

ഒരു നല്ല ഭാവി നേറ്‍ന്ന് കൊണ്ട്‌....

Anonymous said...

കൊള്ളാം. യുക്തി പറഞ്ഞത്‌ കറകറക്ട്‌. പിന്നെന്തേ എഴുതീല്ല... നല്ല ഭാഷയാണല്ലോ?