February 26, 2007

പോസ്റ്റ്മോര്‍ട്ട മുറിയില്‍....

എന്തായിരിക്കും എല്ലും മാംസവും ചേര്‍ന്ന രൂപത്തെ മനുഷ്യനാക്കുന്നത്?
ഞരമ്പിലോടുന്ന ചോര? ജീവകോശങ്ങളിലൂടെ ചൂളംകുത്തിപ്പായുന്ന പ്രാണവായു?
ഈ ഭൂമിയിലെ നന്മകളേയും വേദനകളേയും പറ്റിയുള്ള അവന്റെ വികാരങ്ങള്‍?
അവനേക്കുറിച്ചുള്ള എന്റെ വികാരങ്ങള്‍ ?
************
വളരെയധികം സ്നേഹവാനായിരുന്ന വകയിലൊരു ഇളയച്ഛന്‍ കഴിഞ്ഞ വ്യാഴാഴ്ച ബൈക് ആക്സിഡന്റില്‍ മരിച്ചു. മൃതദേഹം മോര്‍ചറിയില്‍നിന്നെടുത്ത് പോസ്റ്റ്മോര്‍ടെം റൂമില്‍കൊണ്ടുകൊടുത്തപ്പോള്‍ അവിടെ വേറൊരു മൃതശരീരത്തിന്റെ തല ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിച്ചെടുക്കുന്നു. നെഞ്ചും വയറും കീറിപ്പൊളിച്ച് തുറന്നു വച്ചിരിക്കുന്നു. തല കറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് പുറത്തിറങ്ങി. ശുദ്ധവായു ആവോളം വലിച്ചു കയറ്റി. അരമണിക്കൂറിനു ശേഷം ബോഡി ഏറ്റുവാങ്ങാന്‍ അറിയിപ്പു കിട്ടി ചെന്നപ്പോള്‍ അറ്റന്‍ഡര്‍ക്കു ലേശം ധൃതി കൂടിപ്പോയി... തുന്നിക്കൂട്ടിക്കൊണ്ടിരിക്കുന്നതേയുള്ളു... തലച്ചോറെല്ലാം വാരിക്കൂട്ടി വയറിനകത്ത് കുത്തിനിറച്ച് മൂന്നുനാലു തുന്നല്‍....നിര്‍വികാരനായി ശരീരം ഏറ്റുവാങ്ങി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഒരു ഞെട്ടലോടെ മനസ്സിലായി... ഇളയച്ഛന്‍ എനിക്കൊരു മാംസക്കൂമ്പാരമായി മാറിയിരിക്കുന്നു....
മാപ്പ്....മാപ്പ്...
വസാംസി ജീര്‍ണ്ണാനി യഥാ വിഹായ....