February 09, 2007

മകന്‍

വൈകിട്ടായിരുന്നു വീട്ടില്‍ നിന്നു മടങ്ങിയത്. പുതുക്കാ‍ട്ടു നിന്നും ഞങ്ങല്ല് മൂന്നു പേരും ട്രെയിന്‍ കയറി. കുട്ടന്‍ രണ്ടു ദിവസത്തെ കളിയുടെ ഹാങ് ഓവെറിലായിരുന്നു. ഞങ്ങളും ഹോളിഡേ മൂഡിലായിരുന്നു. പോരാന്‍ നേരം മുത്തശ്ശി കൊടുത്ത 5 ഒറ്റ രൂപാ നാണ്യങ്ങള്‍ അവന്റെ കുഞ്ഞിപ്പോക്കറ്റില്‍ സൂക്ഷിച്ചു പിടിച്ചിട്ടുണ്ട്. ഇടക്കിടെ തൊട്ടു നോക്കിക്കൊണ്ട് അവ യഥാസ്ഥാ‍നത്തു തന്നെയുണ്ട് എന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. ഭാര്യ രണ്ട് വിന്‍ഡൊ സീറ്റ് സംഘടിപ്പിച്ച് കുട്ടനെ ജനാല സീറ്റിലിരുത്തി ഒരു മയക്കത്തിനുള്ള തയ്യറെടുപ്പിലാണ്.
ട്രെയിന്‍ കിതച്ചും കുതിച്ചും ഓറ്റിക്കൊണ്ടിരിക്കുന്നു.... കുട്ടന്‍ കുഞ്ഞിക്കണ്ണ് മിഴിച്ചു പിടിച്ച് ഓടിമറയുന്ന പുറംകാഴ്ചകള്‍ കാണുകയാണ്. ഞാന്‍ പതുക്കെ മയക്കത്തിലേക്കു വഴുതി.

“മീശ മാധവന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ .....”
ഒരു കളിപ്പാട്ടക്കച്ചവടക്കാരന്‍ പീപ്പിയൂതി വരികയാണ്. പ്രേ...ന്നുള്ള ഒച്ചക്കൊപ്പം രണ്ട് ഉഗ്രന്‍ മീശകള്‍ നിവര്‍ന്നു വരും. ഓട്ടക്കണ്ണിട്ടു നോക്കിയപ്പോള്‍ അയാള്‍ അടുത്തെത്താറായി... ഡും, ഡും... എന്റെ നെഞ്ഞിടിപ്പു കൂടിക്കൂടി വരുന്നു. മാസാവസാനമാണ്... ഏറണാകുളത്തെത്തിയാല്‍ ഓട്ടോക്കു കൊടുക്കാനും , പാലിനും ഉള്ള പൈസയേ കയ്യിലുള്ളൂ..... ഈശ്വരാ‍... ചതിക്കരു....
“യ്ക്കദ് വാങ്ങിത്തര്വോ ...ച്ഛാ...” കാലിലൊരു തോണ്ടല്‍....
മെല്ലെ കണ്ണു തുറന്നപ്പൊഴെക്കും, ഭാഗ്യം, മീശമാധവന്‍ കടന്നു പോയിരുന്നു.
“അദെല്ലാം കൊള്ളില്ലാത്ത സാധനങ്ങളാ...പ്പൂ.... അച്ഛന്‍ പിന്നെ വാങ്ങിത്തരാട്ടൊ.....” (എന്റെ പേഴ് സേ.....)
കുഞ്ഞിക്കണ്ണുകളിലെ വാട്ടര്‍ ടാപ് തുറന്നു. നിശ്ശബ്ദമായി കണ്ണീരൊലിപ്പിച്ചുകൊണ്ട് അവന്‍ പുറത്തു നോക്കിയിരുന്നു
( ‘മറ്റുള്ളോരടെ മുമ്പീ വച്ച് കരയണതേ.., ചീത്തക്കുട്ട്യൊളാ...ന്ന് അപ്പൂനറിയാം’)
ചെറിയൊരു ഉള്‍ക്കുത്തോടെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്.....

‘പ്രേ...പ്രേ പ്രേ..... മീശമാധവന്‍ ന്‍ ന്‍ ന്‍.....’
അയാള്‍ വീണ്ടും വരുന്നു... ഈശ്വരാ... ഇതെന്തു പരീക്ഷണം...
കുട്ടന്‍ എന്റെ മടിയിലേക്കു ചെരിയുന്നു. മെല്ലെ ഒരു കണ്ണ് തുറന്നു ഞാന്‍ നോക്കി. അവന്‍ കുഞ്ഞിക്കണ്ണു മുഴുവന്‍ തുറന്നു പിടിച്ച് കൌതുകപൂര്‍വം മീശയെ നോക്കുകയാണ്. അവന്റെ കണ്ണുകളിലെ തിളക്കം.... പ്രതീക്ഷ...
അയാളാണെങ്കില്‍ പോകുന്നുമില്ല.
കുട്ടന്‍ നേരിയ പ്രതീക്ഷയോടെ എന്നെ നോക്കുന്നു.... എനിക്കു വയ്യ...
“എത്ര രൂപ്യാ....?”
അയാള്‍ പീപ്പി കുട്ടനു കൊറ്റുത്തിട്ട് പറഞ്ഞു .... “20 രൂപ....”
ഢിം....ദേ കെടക്ക്ണു.....
എന്താപ്പൊ ചെയ്യാ....
..............
..............
ട്രെയിന്‍ നോര്‍ത്തിലെത്തി. ഓട്ടോ പിടിച്ചു വീട്ടിനടുത്തും. പാലും ബ്രെഡും വാങ്ങാന്‍ കടയില്‍ക്കയറി. കടക്കാരന്‍ സാധനങ്ങള്‍ പാക്കറ്റിലിടുകയാണ്. കുട്ടന്റെ കണ്ണ് മിട്ടായിക്കുപ്പികളിലാണ്. തൊട്ടടുത്ത് അവന്റെ പ്രിയപ്പെട്ട മില്‍ക് ക്രീം ബിസ്കറ്റും. ഇപ്പോളവന്‍ കരച്ചില്‍ തുടങ്ങും. അതിനുമുന്‍പ് സ്ഥലം കാലിയാക്കണം....
ഞാന്‍ പേഴ്സ് തുറന്ന് ആകെയുള്ള രണ്ട് നോട്ടുകള്‍ എടുത്തു.
കുട്ടന്‍ പേഴ്സിലേക്കൊന്നു പാളി നോക്കി... ഇപ്പൊ തുടങ്ങും വാശി....
“ഈ പൈസ വേണങ്കി എട്ത്തോളൂ..ട്ടൊ....ച്ഛാ‍........”
അവന്‍ കുഞ്ഞിപ്പോക്കറ്റില്‍ കൈവച്ചുകൊണ്ടു പറഞ്ഞു.

******

February 08, 2007

മകന്‍ അഛനു പറഞ്ഞു തന്ന കഥ

(ഇതെന്റെ 4 വയസ്സുകാരന്‍ മകന്‍ ഉണ്ടാക്കി പറഞ്ഞു തന്നതാണ്)
ഒരു കാട്ടില്‍ ഒരു ആമയും മുയലും സിംഹവും ഉണ്ടായിരുന്നു. ആമ ഓട്ടത്തില്‍ ഫസ്റ്റ് ആയതു കാരണം അവനു ഭയങ്കര ഗമയായിരുന്നു. സിംഹത്തിനു അവനെ ദേഷ്യമായി. ആമയും സിംഹവും കൂടി ഓട്ടമത്സരം വച്ചു. കുരങ്ങന്‍ ചേട്ടന്‍ 1,2,3.... പറഞ്ഞു. വാലാട്ടും കിളി വിസിലടിച്ചു. ആനച്ചേട്ടന്‍ ഫ്ലാ‍ഗ് വീശി. ആമയും സിംഹവും ഒറ്റയോട്ടം. സിംഹം ഫസ്റ്റടിച്ചു. ആന ആമയെ നിലത്തടിച്ചു.

കഥേം കഴിഞ്ഞു......................

February 07, 2007

ഉഷ്ണഭൂമിയില്‍ മഴ പെയ്താല്‍...

ഇന്നലെ ഞാന്‍ കടന്ന് പോയ വഴിയാണിതെന്നു കണ്ടാല്‍ പറയില്ല...
ഇന്നലെ ആകെ ഉണങി വരണ്ട് കിടന്നിരുന്നു ഈ വഴിയാകെ... എങ്ങും ഊഷരമായ തവിട്ടു നിറം മാത്രം.....ചക്രവാളം വരെ.... മനസ്സു ചത്തുകൊണ്ടാണ് ഓരോ അടിയും മുന്നോട്ട് വച്ചത്.....

ഇന്നലെ ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. പാതയോരങ്ങളിലെല്ലാം കണ്ണിനു കുളിര്‍മ നല്‍കിക്കൊണ്ട് ജീവന്റെ പുതു നാമ്പുകള്‍ മുളപൊട്ടിയിരിക്കുന്നു.എങ്ങും തളിരുകള്‍.......