February 16, 2007

കുഞ്ഞേ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍....

“നോക്കൂ ശിവാ‍, കുട്ടിക്ക് രണ്ട് വയസ്സായി എന്നല്ലേ പറഞ്ഞത് ? ഇനി പതുക്കെ മുലകുടി നിര്‍ത്തണം. ആണ്‍കുട്ടിയല്ലെ, രണ്ടുമൂന്നു വയസ്സുകഴിഞ്ഞാല്‍പ്പിന്നെ വലിയ ബുദ്ധിമുട്ടാകും നിര്‍ത്താന്‍...” ഡോക്റ്റര്‍ പറഞ്ഞു നിര്‍ത്തി.
മോന് ഛര്‍ദ്ദിയും മറ്റുമായി പീഡിയാട്രിഷ്യനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍.രണ്ടുവയസ്സുകാരന് അമ്മയെ കണ്ടാല്‍ അപ്പോള്‍ ‘അമ്മിനി’ വേണം. പാറു പറയുന്നത് പാലൊന്നും കിട്ടുന്നുണ്ടാവില്ല, വെറുതേ കുടിച്ചു പറ്റിക്കിടക്കുകയാണ് എന്നാണ്. [ ‘എന്നാലും അതൊരു സുഖാപ്പൂസേ... അദൊന്നും നിങ്ങളാണുങ്ങള്‍ക്ക് പറഞ്ഞാ മന്‍സിലാവില്ല്യാ...’]
“നി പ്പോ എന്താ ചെയ്യാ ? മാറ്റിക്കിടത്തി നോക്കിയാലൊ?” പാറു ചോദിച്ചു. അന്നു രാത്രി കണ്ണന്റേയും പാറുവിന്റെയും ഇടയില്‍ ഞാന്‍ സ്ഥലം പിടിച്ചു. ഏകദേശം പാതിരയായിക്കാണും, ഒരുറക്കവും കഴിഞ്ഞ് കണ്ണനുണര്‍ന്ന് കാറിപ്പൊളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പൊഴേക്കും ശ്വാസം കിട്ടാത്ത രീതിയിലായി കരച്ചില്‍. ലൈറ്റിട്ടു.അവന്റെ മുഖമൊക്കെ ചുവന്ന് വല്ലാതായിരിക്കുന്നു.
“ഇന്‍ക്ക് വയ്യ ദ് കണ്ടോണ്ടിരിക്കാന്‍...” ഒരു കരച്ചിലിന്റെ വക്കത്തെത്തിയ പാറു കണ്ണനെ വാരിയെടുത്ത് ബ്ലൌസിന്റെ പിന്നഴിച്ചു...
അടുത്ത ദിവസം.. കിടക്കുമ്പോള്‍ പാറു പറഞ്ഞു... “കണ്ണന്‍ ഇന്നു കരയാതിരിക്കട്ടേ ഈശ്വരാ... ഞാന്‍ ചെന്ന്യായകം പുരട്ടീട്ട് ണ്ട്...” അതു കേട്ടപ്പോള്‍ എനിക്കും സ്വല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
പതിവുപോലെ ഉറക്കം പിടിക്കുന്നതിനു മുന്‍പായി കണ്ണന്‍ അമ്മിനി ക്കു കരച്ചില്‍ തുടങ്ങി. പാറുവിന്റെ മുഖത്തു കണ്ണീര്‍ച്ചാലുകള്‍. ഞാന്‍ കണ്ണനെ എടുത്ത് “അമ്മക്ക് വാവുവാണ്.. അദോണ്ട് അമ്മിനി കുടിച്ചാ ഛര്‍ദ്ദിക്കും, ഡോട്ടരങ്കിളിനെ കാണെണ്ടീരും...” എന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല... കണ്ണടച്ച് കാറിപ്പൊളിക്കുകയാണ്. തേങ്ങിക്കൊണ്ട് പാറു കണ്ണനെ ചേര്‍ത്തു പിടിച്ചു. ആര്‍ത്തിയോടെ കുഞ്ഞിച്ചുണ്ടു ചേര്‍ത്ത കണ്ണന്‍ ഓക്കാനിച്ചു കൊണ്ട് അലറിക്കരഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് പാറു തലയിണയില്‍ മുഖം പൂഴ്ത്തി.
ഞാന്‍ കണ്ണനെ വാരിയെടുത്തു.. “അഛന്‍ പറഞ്ഞില്ലെ കണ്ണാ.. വാവു വന്ന് അമ്മയുടെ പാല്‍ കേടായിപ്പോയി. ന്യ ദ് കുടിക്കണ്ടാ ട്ടൊ...” തൊണ്ട ഇടറാതെ, കണ്ണു തുളുമ്പാതെ ഞാന്‍ പറയാന്‍ ശ്രമിച്ചു.
“ങും...നാളേ ഇന്‍ ച്ച് മദ് രം ട്ട് ട്ട് പാല് തരണം...ഛന്‍” കണ്ണന്‍ പറഞ്ഞു.

വിങ്ങിപ്പൊട്ടിക്കൊണ്ട് പാറു അവനെ മാറോടു ചേര്‍ത്തുറക്കി.
>>>
>>>>>
കണ്ണാ...നീയറിയുന്നോ... ജീവിതത്തിന്റെ കയ്പുകളിലേക്കുള്ള ആദ്യചുവടാണു ഞങ്ങള്‍ നിന്നെ വയ്പിച്ചതെന്ന്... ഒരുപാടു മധുരങ്ങള്‍ നുണയുവാനായി ഈ ചെറിയ ചവര്‍പ്പു നീ സഹിക്കൂ ഉണ്ണീ....

February 15, 2007

ആശാരി മാധവന്‍

നാട്ടിലെ സ്ഥലത്തെ പ്രധാന കുടിയന്‍ പട്ടം വിട്ടു വീഴ്ച്ചയില്ലാതെ നിലനിര്‍ത്തിപ്പോരുന്ന മാന്യ ദേഹമാണു ആശാരി മാധവേട്ടന്‍. ദേഷത്തെ പ്രധാന രമ്യഹര്‍മ്മ്യങ്ങളുടെ മരപ്പണിയിലെല്ലാം ടിയാന്റെ കരവിരുത് കാണാം. രാവിലെ അല്പം വൈകിയാലും, വൈകീട്ട് 05.30 എന്ന സമയം ക്ലോക്കില്‍ ഉണ്ടെങ്കില്‍ ആശാരി പണി തീര്‍ത്ത് ഇറങ്ങിയിരിക്കും - നേരെ വടക്കേപാടത്തേക്ക്. അവിടെയാണു അഞ്ചല്ല, അയ്യായിരം പേരു വന്നാലും കൂസലില്ലാതെ ഊട്ടാന്‍ കഴിയുന്ന സുബ്രേട്ടന്റെ ദാഹശമനിക്കട. ‘കനാലു പരങ്ങി, ചളുവട്ട് (സള്‍ഫേറ്റ്), ചങ്ങലമാടന്‍’ തുടങ്ങിയ ഓമനപ്പേരുകളിലറിയപ്പെടുന്ന കള്ളവാറ്റുകട [ കടയെന്നാല്‍... തോട്ടുംവക്കത്തെ കൈതപ്പൊന്ത]. ആദ്യത്തെ ഗ്ലാസില്‍ത്തന്നെ ഫ്യൂസായി, കുടിച്ചു മതിയാവാത്തവര്‍ക്ക് പാടത്തെ / തോട്ടിലെ വെള്ളം മുക്കിക്കൊടുത്ത് ലഹരിയുടെ അപാര തീരങ്ങള്‍ കടത്തി വിടുന്നതില്‍ വിദഗ്ധന്‍ {പക്ഷേ മ്മടെ മാവേട്ടനെപ്പൊലുള്ളവരെ ഈ കലാപരിപാടിയില്‍ ഉള്‍പ്പെടുത്തില്ല}
അപ്പോ , പറഞ്ഞു വന്നത്... മാവേട്ടന്‍ നേരെ പാടത്തേക്ക്. നീറ്റായി രണ്ടെണ്ണം വിട്ട്, മൂന്നാമത്തേതു വാങ്ങിയപ്പോള്‍ “രണ്ടെണ്ണം മതി മോനേ... മൂന്നില്‍കൂടുതലായാ നെഞ്ഞു കത്തും” എന്ന യേശു ചിത്രം ആലോചിച്ച്, നാലാമത്തേതുകൂടി അകത്താക്കി തെക്കോട്ട്, കരയിലേക്കു ഇഴഞ്ഞു. തെക്കേക്കുന്നു കയറുമ്പോള്‍, മൂന്നടി മുന്നോക്കം വച്ചാല്‍ രണ്ടടി പിന്നൊക്കം പോകുന്നതായി അനുഭവപ്പെട്ട ആശാരി “ ഡാ, സുബ്രാ‍ാ‍ാ, കതിനയാണല്ലാ..” എന്നൊക്കെ കൂവിക്കൊണ്ട് റോഡിന്റെ വീതി അളന്നു വീട്ടിലേക്കുള്ള പ്രയാണം തുടര്‍ന്നു. അതിനൊടുവില്‍, പുറപ്പെട്ട ദിക്കില്‍ നിന്ന് 100 മീ. അകലെയായി കാനയില്‍ സുഖശയനം നടത്തുന്ന രീതിയില്‍ ടിയാനെ അയലോക്കക്കാര്‍ കണ്ടെത്തി. ആശാരിച്ച്യോട് സഹതാപമുള്ള നാലുപേര്‍ ആശാരിയേ കയ്യിലും കാലിലുമായി തൂക്കിപ്പിടിച്ച് വീട്ടിലേക്കെടുത്തു. താന്‍ വായുവില്‍ യാത്ര നടത്തുകയാണെന്നു മനസ്സിലാകാത്ത ആശാരി “ഡാ... ഈ ആശാരി മാവന്‍ എത്ത്ര കുടിച്ചാലും ദേ..പോലെ പയറുമണിപോലെ പൊവ്വൂടാ... പോടാ ...##?്@** ”