March 19, 2007

പരിപ്പുവടകള്‍

“എട്യേയ്...നുമ്മ കടം വാങ്ങണേള്ള്...കടം കൊട്ക്ക്വേം, കടം വീട്വേം ചെയ്യിണില്ല“...
(തകഴി യുടെ “ഏണിപ്പടികളി”ല്‍ നിന്ന്)
########################
“അച്ഛാ, ഞാനിന്ന് കുറച്ചു വൈകും...സുനിലിന്റെ സെന്റ് ഓഫ് ആണ്”
അച്ഛന്‍ കമ്പനിയിലേക്ക് ഇറങ്ങാന്‍ നേരം ഞാന്‍ വിളിച്ചു പറഞ്ഞു. “ആ:“ എന്നു പറഞ്ഞ് അച്ഛന്‍ പുറപ്പെട്ടു.

ഏലൂരെ ഉറുമ്പു പൊടിക്കമ്പനിയിലാണ് (HIL) അച്ഛനു ജോലി. രാവിലെ എട്ടുമുതല്‍ നാലു വരെയുള്ള ഷിഫ്റ്റ്. ഞാനന്ന് സി.എ ക്കു പ0നവുമായി(??) അച്ഛന്റെ കൂടെ കളമശ്ശേരിയില്‍ താമസം. അമ്മയും അനിയനും മുത്തശ്ശിയും നാട്ടില്‍. അച്ഛന്‍ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ പോകും. ഞാന്‍ രണ്ടാഴ്ചയിലൊരിക്കലും.

ഇന്ന് ബുധനാഴ്ച. സി എ സുഹൃത്ത് സുനിലിന്റെ ആര്‍റ്റിക് ള്‍സ് തീരുന്ന ദിവസം. അവന് ഒരു കമ്പനിയില്‍ അക്കൌണ്ട്സ് അസി. ആയി ജോലിയും കിട്ടിയിട്ടുണ്ട്. രമേശും പ്രേമനും എല്ലാം എത്തും.
അങ്ങനെ പ്രൊഗ്രാമെല്ലാം ഗംഭീരമാക്കി, പെമ്പിള്ളാരെയെല്ലാം പറഞ്ഞയച്ച് അടുത്ത കോഴ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. സുനിലിനെ വളച്ചു വാങ്ങിപ്പിച്ച ഒരു ഫുള്‍ ബോട്ടില്‍ വീരരാഘവനുമായി ഞങ്ങള്‍ കൂടി. ആഘൊഷങ്ങള്‍ക്കൊടുവില്‍ മൂന്നു കൊടുവാളു വച്ച പ്രേമനെ വിജയിയായി പ്രഖ്യാപിച്ച് തിരിച്ച് ലോഡ്ജിലെത്തുമ്പോള്‍ സമയം 10 മണി. സ്മെല്ലടിക്കതിരിക്കാന്‍ 50 ഗ്രാമോളം പെരുംജീരകം ചവച്ചു തുപ്പി വാതിലില്‍ മുട്ടി.
വാതിലു തുറന്ന അച്ഛന് കാര്യം ഏകദേശം മനസ്സിലായെന്നു തോന്നുന്നു. ഡ്രെസ്സ് മാറിവന്ന് അച്ഛനോടു “എനിക്കു ഭക്ഷണം വേണ്ടാച്ഛാ... ഞാന്‍ പുറത്തൂന്നു ബിരിയാണി കഴിച്ചു.” ഞാന്‍ പറഞ്ഞു
“ന്നാ...ഇതെടുത്തോളൂ...രണ്ടീസായി കൊണ്ട് വച്ചിട്ട്. തണുത്തിട്ടുണ്ടാവും..” എന്നും പറഞ്ഞു അച്ഛന്‍ ഷെല്‍ഫിലെ ടിന്നില്‍ നിന്ന് ഒരു പൊതിയെടുത്തുതന്നു. തുറന്നപ്പോള്‍ രണ്ടു പരിപ്പുവടകള്‍. ഉറുമ്പരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ഛന്‍ കഞ്ഞി കുടിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ വടയില്‍ സൂക്ഷിച്ചു നോക്കുന്നതുകണ്ടപ്പോള്‍ “അയ്യൊ, ഉറുമ്പരിച്ചോ.. ന്നാ കളഞ്ഞോളു” എന്നു പറഞ്ഞു.

ഞാനെങ്ങനെ കളയും? കഴിഞ്ഞ മൂന്നു ദിവസമായി എനിക്കുവേണ്ടി കാത്തുവച്ച, D D T ലാബിലെ ഉപയോഗശൂന്യമായ ലാബ് റിപോര്‍ട് കടലാസില്‍ പൊതിഞ്ഞ, പരിപ്പുവടകള്‍..
##################
കടങ്ങള്‍ ഒരിക്കലും വീടുന്നില്ല...

2 comments:

സനോജ് കിഴക്കേടം said...

ഇല്ല, മനസ്സില്‍ത്തോന്നിയ വികാരത്തിന്റെ ആയിരത്തിലൊരംശം പോലും പകര്‍ത്താന്‍ കഴിഞ്ഞില്ല..നന്നായില്ല

sandoz said...
This comment has been removed by the author.