February 16, 2007

കുഞ്ഞേ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍....

“നോക്കൂ ശിവാ‍, കുട്ടിക്ക് രണ്ട് വയസ്സായി എന്നല്ലേ പറഞ്ഞത് ? ഇനി പതുക്കെ മുലകുടി നിര്‍ത്തണം. ആണ്‍കുട്ടിയല്ലെ, രണ്ടുമൂന്നു വയസ്സുകഴിഞ്ഞാല്‍പ്പിന്നെ വലിയ ബുദ്ധിമുട്ടാകും നിര്‍ത്താന്‍...” ഡോക്റ്റര്‍ പറഞ്ഞു നിര്‍ത്തി.
മോന് ഛര്‍ദ്ദിയും മറ്റുമായി പീഡിയാട്രിഷ്യനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍.രണ്ടുവയസ്സുകാരന് അമ്മയെ കണ്ടാല്‍ അപ്പോള്‍ ‘അമ്മിനി’ വേണം. പാറു പറയുന്നത് പാലൊന്നും കിട്ടുന്നുണ്ടാവില്ല, വെറുതേ കുടിച്ചു പറ്റിക്കിടക്കുകയാണ് എന്നാണ്. [ ‘എന്നാലും അതൊരു സുഖാപ്പൂസേ... അദൊന്നും നിങ്ങളാണുങ്ങള്‍ക്ക് പറഞ്ഞാ മന്‍സിലാവില്ല്യാ...’]
“നി പ്പോ എന്താ ചെയ്യാ ? മാറ്റിക്കിടത്തി നോക്കിയാലൊ?” പാറു ചോദിച്ചു. അന്നു രാത്രി കണ്ണന്റേയും പാറുവിന്റെയും ഇടയില്‍ ഞാന്‍ സ്ഥലം പിടിച്ചു. ഏകദേശം പാതിരയായിക്കാണും, ഒരുറക്കവും കഴിഞ്ഞ് കണ്ണനുണര്‍ന്ന് കാറിപ്പൊളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പൊഴേക്കും ശ്വാസം കിട്ടാത്ത രീതിയിലായി കരച്ചില്‍. ലൈറ്റിട്ടു.അവന്റെ മുഖമൊക്കെ ചുവന്ന് വല്ലാതായിരിക്കുന്നു.
“ഇന്‍ക്ക് വയ്യ ദ് കണ്ടോണ്ടിരിക്കാന്‍...” ഒരു കരച്ചിലിന്റെ വക്കത്തെത്തിയ പാറു കണ്ണനെ വാരിയെടുത്ത് ബ്ലൌസിന്റെ പിന്നഴിച്ചു...
അടുത്ത ദിവസം.. കിടക്കുമ്പോള്‍ പാറു പറഞ്ഞു... “കണ്ണന്‍ ഇന്നു കരയാതിരിക്കട്ടേ ഈശ്വരാ... ഞാന്‍ ചെന്ന്യായകം പുരട്ടീട്ട് ണ്ട്...” അതു കേട്ടപ്പോള്‍ എനിക്കും സ്വല്‍പ്പം വിഷമം തോന്നാതിരുന്നില്ല.
പതിവുപോലെ ഉറക്കം പിടിക്കുന്നതിനു മുന്‍പായി കണ്ണന്‍ അമ്മിനി ക്കു കരച്ചില്‍ തുടങ്ങി. പാറുവിന്റെ മുഖത്തു കണ്ണീര്‍ച്ചാലുകള്‍. ഞാന്‍ കണ്ണനെ എടുത്ത് “അമ്മക്ക് വാവുവാണ്.. അദോണ്ട് അമ്മിനി കുടിച്ചാ ഛര്‍ദ്ദിക്കും, ഡോട്ടരങ്കിളിനെ കാണെണ്ടീരും...” എന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഒരു രക്ഷയുമില്ല... കണ്ണടച്ച് കാറിപ്പൊളിക്കുകയാണ്. തേങ്ങിക്കൊണ്ട് പാറു കണ്ണനെ ചേര്‍ത്തു പിടിച്ചു. ആര്‍ത്തിയോടെ കുഞ്ഞിച്ചുണ്ടു ചേര്‍ത്ത കണ്ണന്‍ ഓക്കാനിച്ചു കൊണ്ട് അലറിക്കരഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് പാറു തലയിണയില്‍ മുഖം പൂഴ്ത്തി.
ഞാന്‍ കണ്ണനെ വാരിയെടുത്തു.. “അഛന്‍ പറഞ്ഞില്ലെ കണ്ണാ.. വാവു വന്ന് അമ്മയുടെ പാല്‍ കേടായിപ്പോയി. ന്യ ദ് കുടിക്കണ്ടാ ട്ടൊ...” തൊണ്ട ഇടറാതെ, കണ്ണു തുളുമ്പാതെ ഞാന്‍ പറയാന്‍ ശ്രമിച്ചു.
“ങും...നാളേ ഇന്‍ ച്ച് മദ് രം ട്ട് ട്ട് പാല് തരണം...ഛന്‍” കണ്ണന്‍ പറഞ്ഞു.

വിങ്ങിപ്പൊട്ടിക്കൊണ്ട് പാറു അവനെ മാറോടു ചേര്‍ത്തുറക്കി.
>>>
>>>>>
കണ്ണാ...നീയറിയുന്നോ... ജീവിതത്തിന്റെ കയ്പുകളിലേക്കുള്ള ആദ്യചുവടാണു ഞങ്ങള്‍ നിന്നെ വയ്പിച്ചതെന്ന്... ഒരുപാടു മധുരങ്ങള്‍ നുണയുവാനായി ഈ ചെറിയ ചവര്‍പ്പു നീ സഹിക്കൂ ഉണ്ണീ....

3 comments:

Devadas V.M. said...

‘നാളെ നിന്നെ കൊത്തിയാട്ടുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും’
അല്ലേ?

സനോജ് കിഴക്കേടം said...

ലോനപ്പേട്ടാ...
ഇന്നു നിന്നെ ഞാന്‍ കൊത്തിമാറ്റുമ്പോള്‍
നാളേകള്‍ നിന്നെ മാടിവിളിക്കും” എന്നല്ലേ ? ശരിക്കോര്‍മ്മയില്ല... പിന്നെ, copyright violation ഇല്ലാതെ നോക്കണമല്ലോ... ബ്ലോഗ് കാണാറുണ്ട്.. ഞാന്‍ എഴുത്തില്‍ പിച്ചവച്ചു വരുന്നേയുള്ളൂ... വഴി കാണിക്കുക അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു

അഡ്വ.സക്കീന said...

വലുതാകുമ്പോള്‍ ചുള്ളിക്കാടിനെപ്പോലെ അവന്‍ പാടാതിരിക്കട്ടെ, മാറില്‍ ചെന്നിനായകം തേച്ചു വിടര്‍ത്തിയോരമ്മയെ.....
കണ്ണന്റച്ഛാ, ചെന്നിനായകം പുരട്ടിയകറ്റുന്നതിലും വലിയ വേദന മുല്ലപ്പൂവിന്റെ സുഗന്ധത്തിനുണ്ട്.